06:46am 17 September 2026
NEWS
ജോൺ മുണ്ടക്കയം ഐ.എസ്.ആർ.ഒ ചാരക്കേസിൻ്റെ ചുരുളഴിക്കുമ്പോൾ
13/07/2025  09:12 AM IST
സുരേഷ് വണ്ടന്നൂർ
ജോൺ മുണ്ടക്കയം ഐ.എസ്.ആർ.ഒ ചാരക്കേസിൻ്റെ ചുരുളഴിക്കുമ്പോൾ

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ രണ്ട് വിവാദ സംഭവങ്ങളാണ് ചാരക്കേസും സോളാർ കേസും. രണ്ടും റിപ്പോർട്ട് ചെയ്യുകയും അതേക്കുറിച്ചു പുസ്തകമെഴുതുകയും ചെയ്ത വ്യക്തിയാണ് ജോൺ മുണ്ടക്കയം. 


കേരള രാഷ്ട്രീയത്തെ തീ പിടിപ്പിച്ച ചാരക്കേസിന് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ ‘ചാരം’എന്ന ചാരക്കേസിൻ്റെ പിന്നാമ്പുറ കഥകളുമായി മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ് മലയാള പത്രപ്രവർത്തന രംഗത്തെ എണ്ണം പറഞ്ഞ വ്യക്തികളിലൊരാളായ പ്രശസ്ത മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. മലയാള മനോരമ ദിനപ്പത്രത്തിൻ്റെ ലേഖകൻ എന്ന നിലയിൽ ജോൺ മുണ്ടക്കയമാണ് ചാരക്കേസ് റിപ്പോർട്ട് ചെയ്തത്.

കേസിനൊപ്പം നടന്ന് സത്യസന്ധമായി വാർത്തകൾ പുറം ലോകത്തെ അറിയിച്ച മികച്ച മാധ്യമപ്രവർത്തകൻ. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അദ്ദേഹം അതു വിവരിക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു മാത്രമേ ‘ചാരം’ വായിച്ചു തീർക്കാനാകൂ.
പൊടിപ്പും തൊങ്ങലും വെച്ച് മേമ്പൊടി ചേർത്തുള്ള മസാല മാധ്യമപ്രവർത്തനം ശീലമില്ലാത്തതിനാൽ ജോൺ മുണ്ടക്കയത്തിൻ്റെ രചന വേറിട്ടു തന്നെ നിൽക്കുന്നു. പത്രറിപ്പോർട്ടിംഗ് സ്റ്റൈൽ പലയിടത്തും കടന്നു വരുന്നുണ്ടെങ്കിലും അത് പാരായണത്തിനു ഒട്ടും തടസ്സം സൃഷ്ടിക്കുന്നുമില്ല. സോളാർ വിവാദത്തെക്കുറിച്ച് അദ്ദേഹം ‘സോളാർ വിശേഷം’ എന്നൊരു കൃതി  നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ‘ചാരം ചാരക്കേസിൻ്റെ പിന്നാമ്പുറം’ എന്ന പേരിൽ ചാരക്കേസ് പുസ്തകമാക്കി മലയാളികൾക്ക് സമ്മാനിക്കുകയാണ്. ഒരു ക്രൈം ത്രില്ലർ സിനിമ പോലെ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാം ഈ പുസ്തകം. അത്ര കണ്ടുണ്ട് അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ ശക്തി.

രാജ്യത്തിൻ്റെ ശാസ്ത്ര രഹസ്യങ്ങൾ ശത്രുരാജ്യത്തിനു വിറ്റു കാശാക്കി എന്ന ഞെട്ടിക്കുന്ന വിവാദമാണ് ഒടുവിൽ ഐ.എസ്.ആർ.ഒ ചാരക്കേസായി പരിണമിച്ചത്. മറിയം റഷീദ എന്ന മാലി സ്വദേശിയെ കാലാവധി കഴിഞ്ഞും തിരുവനന്തപുരത്ത് തങ്ങിയതിന് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ വിജയൻ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് ചാരക്കേസ് എന്ന ഭൂകമ്പം രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചത്.

അന്യായവും കെട്ടിച്ചമച്ചതുമായ ചാരവൃത്തി കേസിലൂടെ രക്തസാക്ഷികളായി ജീവിതം ഹോമിച്ചവർ നിരവധിയാണ്. അതിൽ ഏറ്റവും ഹീനവും മനുഷ്യത്വരഹിതവുമായ രണ്ടു ബലിയാടുകളാണ് വനിതകളും മാലിക്കാരുമായ മറിയം റഷീദയും,ഫൗസിയ ഹസനും. വർഷങ്ങളോളം ഇരുവരും ജയിലിൽ തളയ്ക്കപ്പെട്ടു. അവരുടെ സ്ത്രീത്വം പിച്ചിച്ചീന്തിയെറിയപ്പെട്ടു. കേസ് അന്വേഷണത്തിൻ്റെ പേരിൽ പിന്നീട് സിബി മാത്യൂസ് എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ചില്ലറയല്ല പുലിവാലു പിടിച്ചത്.

1994 ഒക്ടോബർ 20 മുതൽ തുടങ്ങി 1995 ജനുവരി 19 വരെ നീണ്ട ഒരു കൽപ്പിത കഥയാണ് ഐ.എസ്.ആർ ഒ ചാരകേസ് എന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റഫറൽ റിപ്പോർട്ടിൽ സി.ബി.ഐ ഒടുവിൽ വെളിപ്പെടുത്തിയത്. പ്രതികൾ കുറ്റവാളികളല്ലെന്ന് കണ്ട് കോടതി പ്രതികളെ വെറുതെ വിട്ടെങ്കിലും 1996-ൽ ചാരക്കേസ് പുനരന്വേഷിക്കാൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉത്തരവിടുന്നു. ഈ ഉത്തരവ് സി.ബി.ഐയുടെ അപ്പീലിന്മേൽ 1998 ഏപ്രിൽ ഏപ്രിൽ 29ന് സുപ്രീം കോടതി തള്ളി. ഏപ്രിൽ 30ന് മറിയം റഷീദയും പിന്നാലെ ഫൗസിയ ഹസനും മോചിതരാവുന്നു.


ഐ.ജി രമൺ ശ്രീവാസ്തവ തൻ്റെ മുറിയിൽ ഇൻ്റർവ്യൂവിനെത്തിയ ജോൺ മുണ്ടക്കയത്തിന് മുന്നിൽ തൻ്റെ നിരപരാധിത്വവും നിസ്സഹായതയും വെളിപ്പെടുത്തി വിതുമ്പിപ്പോകുന്ന ചിത്രം വരച്ചുകാട്ടിക്കൊണ്ടാണ് ജോൺ മുണ്ടക്കയം 
ഐ.എസ്.ആർ.ഒ ചാരക്കേസിനെക്കുറിച്ചുള്ള ചാരം എന്ന തൻ്റെ കൃതി തുടങ്ങുന്നത്. ജനം രാജ്യദ്രോഹിയായി ചിത്രീകരിച്ചു കഴിഞ്ഞ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. തിളക്കത്തോടെ ഐ.ജി പദവിയിലിരിക്കുന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ കാശിനു വേണ്ടി മാലി വനിതകളുമായി ചേർന്ന് രാജ്യത്തെ ഒറ്റുകൊടുക്കുക അതാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ വലം കൈ എന്ന ഖ്യാതിയിൽ നിൽക്കുന്ന രമൺ ശ്രീവാസ്തവയ്ക്ക് മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം.

വലിയമലയിലെ ഐഎസ്ആർഒ ലിക്വിഡ് പ്രൊപ്പൽഷൻ സെൻററിലെ ശാസ്ത്രജ്ഞരായ ഡി.ശശികുമാറും നമ്പിനാരായണനുമായി മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും ബന്ധമുണ്ടാക്കി ശാസ്ത്രജ്ഞർക്ക് പണം കൊടുത്തു. ബഹിരാകാശ ഗവേഷണത്തിൽ നിർണായക സ്ഥാനമുള്ള വികാസ് എൻജിൻ മുതൽ ക്രയോജിക് എൻജിൻ വരെയുള്ളവയുടെ രേഖകൾ രഹസ്യമായി വിറ്റു എന്നായിരുന്നു കിംവദന്തി. ഐ.ജി. രമൺ ശ്രീവാസ്തവയും അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിൻ്റെ മകൻ പ്രഭാകർ റാവുവിൻ്റെ പേരു കൂടി ചിത്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും വന്നതോടെയാണ് ചാരക്കേസിന് ഉന്നത മാനം കൈവന്നത്. ദേശീയ മാധ്യമളിൽ വരെ ചാരക്കേസ് വാർത്തകൾ നിറഞ്ഞതോടെ  രാഷ്ട്രീയരംഗം ചൂടു പിടിച്ച് മുഖ്യമന്ത്രി കെ.കരുണാകരന് രാജി വെയ്ക്കേണ്ടി വന്നു. ഒടുവിൽ ഐജി രമൺ ശ്രീവാസ്തവ അറസ്റ്റിൻ്റെ നിഴലിലായതോടെ കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐയുടെ അന്വേഷണത്തിലാണ് ചാരക്കേസ് ഭസ്മമാക്കപ്പെട്ടത്. ഒന്നിനും തെളിവില്ല. രണ്ടു വർഷത്തെ നിയമപോരാട്ടത്തിനു ശേഷം പ്രതികളെല്ലാം മോചിതരായി. പക്ഷേ അവരും കുടുംബം അനുഭവിച്ച വേദന വാക്കുകൾക്കപ്പുറമാണ്. നിരപരാധിയായ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ നീണ്ട നിയമപ്പോരാട്ടം നടത്തി നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതുവരെയുള്ള ചാരക്കേസിൻ്റെ നാൾവഴികൾ പ്രതികളാക്കപ്പെട്ടവരെ വേട്ടയാടി, അവരുടെ ഉറക്കം കെടുത്തുന്നതായി.

ചാരം എന്ന കൃതി ജോൺ മുണ്ടക്കയം എഴുതി നിർത്തുന്നതിങ്ങനെയാണ്. ‘ ഒന്നുമില്ലായ്മയിൽ നിന്ന് എങ്ങനെ ഒരു കാര്യം പർവതീകരിക്കപ്പെടുന്നു എന്നതിൻ്റെ ഉദാഹരണമാണ് ചാരക്കേസ്. പക്ഷേ, ഇത് ആദ്യ സംഭവമല്ല. ചരിത്രത്തിൽ പലപ്പോഴും ഇങ്ങനെ മഞ്ഞുമലകൾ ഉയരുകയും പിന്നെ സത്യത്തിൻ്റെ ചൂടിൽ ഉരുകിപ്പോവുകയും ചെയ്തിട്ടുണ്ട്.
അതെ, ചിലരുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ വ്യാജവാർത്തയായി നിർമ്മിച്ചെടുത്തതാണ് ഐ.എസ്.ആർ.ഒ ചാരക്കേസ്’.

തൻ്റെ മാധ്യമപ്രവർത്തനത്തിനൊപ്പം ചേർന്നു നടക്കാൻ കഴിഞ്ഞതു കാരണം 
ചാരക്കേസ് വിഷയത്തിലെ സ്തോഭജനകമായ സംഭവവികാസങ്ങൾ, അതിലെ നേരിട്ടറിഞ്ഞ ഉള്ളുകള്ളികൾ തൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ അനാവരണം ചെയ്യുകയാണ് ജോൺ മുണ്ടക്കയം ചാരം എന്ന കൃതിയിലൂടെ. ഒരു പക്ഷേ മറ്റാർക്കും കഴിയാത്ത ദൗത്യം തന്നെയാണ് സത്യസന്ധമായി ജോൺ മുണ്ടക്കയം ഏറ്റെടുത്തിട്ടുള്ളത് എന്ന് നിസ്തർക്കം പറയാം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ്റെ പതനത്തിലേക്കും അന്നത്തെ ദക്ഷിണ മേഖല ഐ.ജിയായിരുന്ന രമൺ ശ്രീവാസ്തവ എന്ന പൊലീസ് മേധാവിയുടെയും നമ്പി നാരായണൻ, ശശികുമാർ, ചന്ദ്രശേഖർ, എസ്.കെ. ശർമ്മ എന്നീ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെയും മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നീ മാലീ സ്വദേശികളുടെയും, ഒടുവിൽ കേസ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡി. ഐ. ജി സിബി മാത്യൂസിൻ്റെയും ജീവിതം തകർത്തെറിഞ്ഞ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഐ.എസ്.ആർ.ഒ ചാരക്കേസ്.
ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായരുടെ കുറിപ്പോടു കൂടി 169 പേജുകളിൽ പുറത്തിറങ്ങിയിട്ടുള്ള ഈ പുസ്തകം ട്ടോട്ട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 
ജോൺ മുണ്ടക്കയത്തിൻ്റെ ചാരം വായിച്ചു തന്നെ അന്നത്തെ സംഭവങ്ങൾ നേരിട്ടറിയുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img